ഒരാൾ ആത്മഹത്യ ചെയ്യുന്നത് അല്ലാഹുവിൻ്റെ തീരുമാനം ആണോ?

ഒരാൾ പാപം ചെയ്യുന്നത് അല്ലാഹുവിൻ്റെ തീരുമാനം ആണ്. പക്ഷെ അതിന് അയാൾക്ക് അള്ളാഹു കൊടുത്ത സ്വാതന്ത്ര്യം ഉപയോഗിച്ച് അയാൾ പാപം ചെയ്യാൻ തീരുമാനിക്കണം. അതല്ല അയാൾ പാപം ചെയ്യാൻ തീരുമാനിക്കുന്നില്ല എങ്കിൽ അയാൾ പാപം ചെയ്യില്ല. അയാൾ നന്മ ചെയ്യും. അപ്പോൾ അല്ലാഹുവിൻ്റെ തീരുമാനം അയാൾ നന്മ ചെയ്യണം എന്നാണ്.

അതല്ല അയാൾക്ക് അള്ളാഹു കൊടുത്ത സ്വാതന്ത്ര്യം ഉപയോഗിച്ച് കൊണ്ട് അയാൾ നന്മ ചെയ്യാൻ തീരുമാനിക്കുകയും അള്ളാഹു അതിനു വിപരീതമായി അയാൾക്ക് തിന്മ ചെയ്യാൻ തീരുമാനിക്കുകയും ചെയ്താൽ അവിടെ പാപം ചെയ്തത് അയാൾ അല്ല. മറിച്ച് അല്ലാഹുവാണ്.

ഇത് തികച്ചും യുക്തി രഹിതമാണ്‌. അള്ളാഹു സ്വന്തമായി തീരുമാനിച്ച് ഒരു മനുഷ്യനെ കൊണ്ട് പാപം ചെയ്യിക്കുകയും അയാളെ അതിൻ്റെ പേരിൽ നരകത്തിൽ ഇടുകയും ചെയ്താൽ അത് ന്യായം ആകില്ലല്ലോ.

അതായതു ഒരു കാര്യത്തിൽ അല്ലാഹുവിൻ്റെ തീരുമാനം ഉണ്ട് എന്നുള്ളത് സത്യം ആണ്. പക്ഷെ ‘Free Will’ അഥവാ സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യനും ജിന്നിനും ഉണ്ട്.

‘Free Will’ എന്നത് മലക്കുകൾക്ക് ഇല്ല. അവരുടെ എല്ലാ പ്രവർത്തികളും അല്ലാഹുവിൻ്റെ തീരുമാനം മാത്രം ആണ്. അതുകൊണ്ട് തന്നെ അവർ പാപം ചെയ്യില്ല. അവർക്ക് പാപം ചെയ്യാൻ സാധിക്കില്ല. അതായത് അവർക്ക് ‘Free Will’ ഇല്ല. മനുഷ്യൻ ഉയർന്നാൽ മലക്കുകളേക്കാൾ ഉയരാൻ സാധിക്കും എന്ന് പറയുന്നതിന്റെ കാരണം ഇതാണ്. മനുഷ്യന് ‘Free Will’ ഉള്ളത് കൊണ്ട് അവന് തെറ്റ് ചെയ്യാൻ സാധിക്കും. അപ്പോൾ അവന് നന്മ ചെയ്യണമെങ്കിൽ അവൻ്റെ ‘Free Will’ ഉപയോഗിച്ച് അവൻ തീരുമാനിക്കണം. അത് ബുദ്ധിമുട്ടാണ്. കാരണം തിന്മ ചെയ്യാൻ വളരെ എളുപ്പവും രസവും ആണ്. അവൻ അനായാസമായി അതാണ് തിരഞ്ഞെടുക്കുക. അപ്പോൾ ആ ബുദ്ധിമുട്ടിനെ തരണം ചെയ്ത് അവന്റെ ‘Free Will’ ഉപയോഗിച്ച് അവൻ നന്മ ചെയ്താൽ അവൻ മലക്കിനേക്കാൾ ഉയർന്നവൻ ആകും. കണ്ണില്ലാത്തവൻ മോശമായ കാഴ്ച കാണുന്നില്ല എന്ന് പറയുന്നതിൽ മഹത്വം കുറവാണ്. എന്നാൽ കണ്ണുള്ളവൻ മോശമായ കാഴ്ച കാണുന്നില്ല എന്ന് പറയുന്നതിൽ വലിയ മഹത്വം ഉണ്ട്. അവന് പാപം ചെയ്യാൻ കഴിവുണ്ടായിട്ടും അവൻ പാപം ചെയ്യാത്തവൻ ആണെങ്കിൽ അവൻ മഹാൻ ആകും.

ഒരു മനുഷ്യൻ്റെ സൃഷ്ടിപ്പ് മുതൽ അവൻ സ്വർഗ്ഗവാസി ആണോ അതോ നരഗവാസി ആണോ എന്നുള്ള കാര്യം പോലും അല്ലാഹുവിന് അറിയാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ അള്ളാഹു അത് തീരുമാനിക്കുന്നു. അത് ഭൂമി ഉണ്ടാക്കുന്നതിന് വളരെ ഏറെ വർഷങ്ങൾ മുൻപേ അള്ളാഹു എഴുതി സീൽ ചെയ്തു വെച്ചിരിക്കുന്നു.

ചിന്തിക്കുക . ഞാൻ ഉണ്ടാകുന്നതിന് മുൻപേ അള്ളാഹു ഞാൻ സ്വർഗ്ഗവാസി ആണോ അതോ നരഗവാസി ആണോ എന്ന് എഴുതി സീൽ ചെയ്ത് , അതായത് തിരുത്തൽ തടഞ്ഞു കൊണ്ട് സൂക്ഷിച്ചു വെച്ചിരിക്കുന്നു.

ചിന്തിക്കുക ഞാൻ പ്രായപൂർത്തി ആയി എനിക്ക് അല്ലാഹുവിനെ അനുസരിക്കൽ നിർബന്ധം ആകുന്നതിനു മുൻപേ ഞാൻ സ്വർഗത്തിൽ ആണോ അതോ നരഗത്തിൽ ആണോ എന്ന് അള്ളാഹു തീരുമാനിച്ചു വെച്ചിരിക്കുന്നു , അല്ലെങ്കിൽ എഴുതി വെച്ചിരിക്കുന്നു.

അപ്പോൾ ചിന്തിക്കുക, ഞാൻ തെറ്റ് ചെയ്താൽ ആണല്ലോ ഞാൻ നരകത്തിൽ പോകുന്നത്. അപ്പോൾ എനിക്ക് നരഗം ആണ് അള്ളാഹു തീരുമാനിച്ചിരിക്കുന്നത് എങ്കിൽ ഞാൻ നന്മ ചെയ്തിട്ട് എന്ത് കാര്യം? അല്ല അള്ളാഹു ആണല്ലോ എന്നെ കൊണ്ട് തെറ്റ് ചെയ്യിക്കുന്നത് , അപ്പോൾ ഞാൻ തെറ്റുകാരൻ അല്ലല്ലോ. അപ്പോൾ ഞാൻ സ്വർഗത്തിൽ അല്ലേ പോകേണ്ടത്?

ഈ സംശയങ്ങൾ എല്ലാം വിഢിത്തരം ആണെന്ന് നമുക്ക് ചിന്തിച്ചാൽ മനസ്സിലാവുന്നു. നമ്മളോട് പറഞ്ഞ കാര്യം
“തെറ്റ് ചെയ്താൽ നരകത്തിൽ പോകും, നന്മ ചെയ്താൽ സ്വർഗത്തിൽ പോകും” എന്നാണ് . അപ്പോൾ ‘Free Will’ എന്നത് സത്യം തന്നെ ആണ് എന്ന് വ്യക്തമാവുന്നു .

ഇനി എന്താണ് അല്ലാഹുവിന് എല്ലാം അറിയാം എന്നുള്ളതിൻ്റെ ലോജിക് ????

ഒരു മനുഷ്യൻ സ്വർഗ്ഗവാസി ആണോ അതോ നരഗവാസി ആണോ എന്ന കാര്യം പോലും അള്ളാഹു എഴുതി വെച്ചിരിക്കുന്നു എന്നുള്ളതിൻ്റെ ലോജിക് എന്താണ് ???

ഇതെല്ലാം തീരുമാനിച്ചു വെച്ചിരിക്കുകയാണ് എന്നുള്ളത് സത്യം ആണെങ്കിൽ എന്തുകൊണ്ടാണ് നമ്മൾ ചെയ്യുന്ന തെറ്റുകൾക്ക് നമുക്ക് അള്ളാഹു ശിക്ഷ തരുന്നത്?

ഒരു സംഭവം മനസ്സിലേക്ക് കൊണ്ടു വരിക. പ്രവാചകൻ സ്വല്ലള്ളാഹു അലൈഹിവ സല്ലം ബുറാക്ക് എന്ന വാഹനത്തിൽ കയറി സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും യാത്ര നടത്തിയ സംഭവം ഓർക്കുക.

ചിന്തിക്കുക സ്വർഗ്ഗവും നരകവും അള്ളാഹു ഇത് വരെ സൃഷ്ടിച്ചിട്ടില്ല. ഇനി അഥവാ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിൽ മനുഷ്യൻ പ്രവേശിക്കണമെങ്കിൽ ഖിയാമം നാൾ കഴിഞ്ഞു വിചാരണ കഴിയണം . അതായതു 1400 വർഷം മുൻപ് പ്രവാചകൻ സ്വല്ലള്ളാഹു അലൈഹിവ സല്ലം സ്വർഗ്ഗവും നരകവും കണ്ടു എന്ന് പറയുന്നതും ശരി ആണ് , പക്ഷെ ആ സമയത്ത് സ്വർഗ്ഗവും നരകവും അള്ളാഹു സൃഷ്ടിച്ചിട്ടില്ല അല്ലെങ്കിൽ അതിൽ മനുഷ്യൻ പ്രവേശിച്ചിട്ടില്ല എന്നുള്ളതും ശരി ആണ്.

അതായത് ഞാൻ പരീക്ഷയിൽ തോറ്റു എന്ന് ഞാൻ ഇന്ന് അറിഞ്ഞു, പക്ഷെ എൻ്റെ പരീക്ഷ നാളെയാണ്!!!

ഇതിൽ നിന്നും നമുക്ക് വ്യക്തമാവുന്ന ഒരു കാര്യം ഉണ്ട്.
‘Time Travel’. അതായത് ഇത് രണ്ടും ശരി ആകണമെങ്കിൽ ‘Time Travel’ ചെയ്യണം. നാളെ നടക്കാൻ പോകുന്ന പരീക്ഷയിൽ ഞാൻ തോറ്റു എന്ന് ഇന്ന് എനിക്ക് അറിയണമെങ്കിൽ ഞാൻ ‘Time Travel’ ചെയ്ത് നാളെ എന്ന സമയത്തേക്ക് പോകണം. എന്നിട്ട് നാളെ എന്ന സമയത്ത് പരീക്ഷയിൽ ഞാൻ തോറ്റോ എന്ന് നോക്കണം . എന്നിട്ട് ഞാൻ ‘Time Travel’ ചെയ്ത് തിരിച്ച് ഇന്ന് എന്ന സമയത്തേക്ക് വരണം.

അപ്പോൾ ലോജിക് ശരിയായി.

ഞാൻ പരീക്ഷയിൽ തോറ്റു എന്ന് ഞാൻ ഇന്ന് അറിഞ്ഞു, പക്ഷെ എൻ്റെ പരീക്ഷ നാളെയാണ്

പ്രവാചകൻ സ്വല്ലള്ളാഹു അലൈഹിവ സല്ലം ‘Time Travel’ ചെയ്ത് സ്വർഗ്ഗവും നരകവും എല്ലാം സൃഷ്ടിച്ചതിനു ശേഷം ഉള്ള സമയത്തേക്ക് പോയി. ആ സമയത്ത് പ്രവാചകൻ സ്വല്ലള്ളാഹു അലൈഹിവ സല്ലം എല്ലാം കണ്ടു . അതേപോലെ തിരിച്ച് പഴയ സമയത്തേക്ക് വന്നു.

അപ്പോൾ എല്ലാം വ്യക്തമാണ്. സമയം എന്നത് മനുഷ്യനെ മാത്രം ബാധിക്കുന്ന കാര്യം ആണ്. അപ്പോൾ അല്ലാഹുവിൻ്റെ സമയം എന്താണ്???

സമയത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ്. അല്ലാഹുവിനെ സമയം ബാധിക്കുകയില്ല. അവൻ സൃഷ്ടിച്ച ഏതൊരു വസ്തുവിനെയും അവൻ നിയന്ത്രിക്കുന്നു എന്നത് പോലെ തന്നെ സമയത്തെയും അവൻ നിയന്ത്രിക്കുന്നു. അവന് സമയം ഇല്ല. അവന് ഭൂമിയുണ്ടായ സമയത്തേക്ക് പോകാം. അല്ലെങ്കിൽ അവൻ അവിടെ ഉണ്ട്. അവനെ സമയം ബാധിക്കുന്നില്ല. അവന് ഭൂതകാലത്തേക്ക് പോകാം, അല്ലെങ്കിൽ അവൻ അവിടെ ഉണ്ട്. അവനെ സമയം ബാധിക്കുന്നില്ല. അവന് ഭാവിയിലേക്ക് പോകാം. അല്ലെങ്കിൽ അവൻ അവിടെ ഉണ്ട്. അവനെ സമയം ബാധിക്കുന്നില്ല. അതായത് എല്ലാ സമയങ്ങളിലും നടക്കുന്ന കാര്യങ്ങൾ അവന് അറിയാം. അവൻ വിചാരിക്കുന്ന ആളുകളെ അവൻ ഇച്ഛിക്കുന്ന സമയത്തേക്ക് അവൻ കൊണ്ടു പോകുന്നു. പ്രവാചകനെ (സ്വല്ലള്ളാഹു അലൈഹിവ സല്ലം) കൊണ്ടു പോയത് പോലെ.

ഇനി ചിന്തിക്കുക. നമ്മൾ ജനിക്കുന്നതിന് മുൻപ് നമ്മൾ സ്വർഗത്തിൽ ആണോ അതോ നരകത്തിൽ ആണോ എന്ന് അല്ലാഹുവിന് അറിയാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?

ഇല്ല.

അള്ളാഹു എല്ലാം അറിയുന്നവൻ ആണ്. അവൻ നമുക്ക് ‘Free Will’ തന്നിരിക്കുന്നു. നമുക്ക് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് നമ്മൾ തെറ്റ് ചെയ്താൽ നമ്മൾ നരകത്തിൽ പോകും. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് നമ്മൾ നന്മ ചെയ്താൽ നമ്മൾ സ്വർഗത്തിൽ പോകും. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് നമ്മൾ ആത്മഹത്യ ചെയ്താൽ നമ്മൾ നരകത്തിൽ പോകും.

അതായത് ആത്മഹത്യ അള്ളാഹുവിൻ്റെ തീരുമാനം ആണ്. അവൻ എല്ലാം അറിയുന്നവൻ ആണ്. പക്ഷെ ആത്മഹത്യ ചെയ്യാനും ചെയ്യാതെ ഇരിക്കാനും ഉള്ള സ്വാതന്ത്ര്യം നമുക്ക് അള്ളാഹു തന്നിരിക്കുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് നമ്മൾ ആത്മഹത്യ ചെയ്താൽ നമ്മൾ നരകത്തിൽ പോകും. സംശയമില്ല.

Allah knows the best

Document ID 109
Revision ID 100